Movies
കന്നട ടെലിവിഷൻ താരം രശ്മി ലീല അന്തരിച്ചു. 37 വയസായിരുന്നു. 37ാം വയസ്സിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഭർത്താവ് സറക്കി മഞ്ജുവാണ് നടിയുടെ മരണവാർത്ത അറിയിച്ചത്. ഏറെക്കാലമായി ശ്വാസകോശ രോഗങ്ങളോട് പൊരുതിയ രശ്മിയുടെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ കഠിനശ്രമങ്ങൾ ഒടുവിൽ വിഫലമാവുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗം രശ്മിയെ വേട്ടയാടുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ശ്വാസകോശത്തെ ബാധിക്കുന്ന പൾമണറി ഫൈബ്രോസിസ് എന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
ശ്വാസകോശ കോശങ്ങൾ നശിക്കുന്ന ഈ സാഹചര്യം രശ്മിയുടെ ജീവിതം ദുസഹമാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് താരം ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.
രശ്മിയുടെ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായപ്പോൾ കന്നഡ സിനിമാ-ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തകർ ഒന്നടങ്കം സഹായഹസ്തവുമായി എത്തിയിരുന്നു.
ലക്ഷക്കണക്കിന് രൂപ സമാഹരിച്ചാണ് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. ഏകദേശം 19 ലക്ഷം രൂപ ചെലവഴിച്ച് നടന്ന ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി താരം പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകൾ മരണത്തിലേക്ക് നയിക്കുകയായിരുന്നു.
NRI
വാഷിംഗ്ടൺ: മുൻ എൻഎഫ്എൽ (NFL) സൂപ്പർ താരവും പ്രശസ്ത ഫുട്ബോൾ താരവുമായ ട്രെ ജോൺസൺ (54) അന്തരിച്ചു. കുടുംബത്തോടൊപ്പം വിനോദയാത്രയിലായിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. അദേഹത്തിന്റെ ഭാര്യ ഐറിൻ ജോൺസൺ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.
വാഷിംഗ്ടൺ കമാൻഡേഴ്സിന്റെ എക്കാലത്തെയും മികച്ച ഒഫൻസീവ് ലൈൻമാൻമാരിൽ ഒരാളായിരുന്ന അദ്ദേഹം, 1994-ലാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 1999-ൽ പ്രോ ബൗൾ, സെക്കൻഡ് ടീം ഓൾ-പ്രോ ബഹുമതികൾ നേടി കായികരംഗത്ത് ശ്രദ്ധേയനായി.
എട്ട് സീസണുകൾ നീണ്ട കായിക ജീവിതത്തിനുശേഷം അദ്ദേഹം അധ്യാപന രംഗത്തേക്ക് തിരിഞ്ഞു. മെറിലാൻഡിലെ ലാൻഡൻ സ്കൂളിൽ ഹിസ്റ്ററി അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മികച്ച ഒരു കായികതാരം എന്നതിലുപരി, വിദ്യാർഥികൾക്ക് പ്രിയങ്കരനായ ഒരു ഗുരുനാഥൻ കൂടിയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ അടുത്തിടെ അദ്ദേഹം അവധിയിലായിരുന്നു.
ട്രെ ജോൺസന്റെ മരണത്തിൽ വാഷിംഗ്ടൺ കമാൻഡേഴ്സ് ടീമും മുൻ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
NRI
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ മെമ്പറും കെടിഎംസി സി മുൻ സെക്രട്ടറിയുമായ അജോഷ് മാത്യുവിന്റെ മാതാവും റാന്നി വെച്ചുച്ചിറ പുത്തൻപുരക്കൽ പി.സി. മാത്യുവിന്റെ സഹധർമ്മിണി മുൻ അധ്യാപികയുമായിരുന്ന അന്നമ്മ മാത്യു (74) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച 11ന് സെന്റ് ബർണബാസ് സിഎസ്ഐ പള്ളി, എണ്ണൂറാം വയൽ വെച്ചുച്ചിറയിൽ നടക്കും. അന്നമ്മ മാത്യുവിന്റെ വിയോഗത്തിൽ കെടിഎംസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
International
ഷിക്കാഗോ: അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെയും ഇതര പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കു വേണ്ടി പോരാടിയ നേതാവും മാർട്ടിൻ ലൂഥർ കിംഗ് ജൂണിയറിന്റെ അനുയായിയുമായ ജെസ്സി ജാക്സൺ (84) അന്തരിച്ചു.
മികച്ച പ്രഭാഷകനും ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതാവുമായിരുന്ന ജാക്സൺ 1984, 86 വർഷങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2017 മുതൽ പാർക്കിൻസൺസ് രോഗത്തിനു ചികിത്സയിലായിരുന്നു.
പതിനാറു വയസുള്ള ഹൈസ്കൂൾ വിദ്യാർഥിനിയുടെ മകനായി സൗത്ത് കരോളൈനയിലെ ഗ്രീൻവില്ലിൽ 1941ൽ ജനിച്ച ജാക്സൺ, അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്ന വംശീയവെറിയുടെ കയ്പു രുചിച്ചാണു വളർന്നത്.
നോർത്ത് കരോളൈന അഗ്രികൾച്ചറൽ ആൻഡ് ടെക്നിക്കൽ കോളജ് വിദ്യാർഥിയായിരിക്കേയാണ് പൗരാവകാശ മുന്നേറ്റങ്ങളിൽ ആകൃഷ്ടനായതും മാർട്ടിൻ ലൂഥർ കിംഗിന്റെ അനുയായി ആകുന്നതും. ഇതിനിടെ ഷിക്കാഗോ തിയോളജിക്കൽ സെമിനാരി പഠനത്തിനുശേഷം ബാപ്റ്റിസ്റ്റ് സഭാ മിനിസ്റ്ററായും നിയമിക്കപ്പെട്ടു.
ഷിക്കാഗോയിലെ ഓപ്പറേഷൻ പുഷ്, നാഷണൽ റെയിൻബോ കോയലീഷൻ തുടങ്ങിയ പൗരാവകാശ പ്രസ്ഥാനങ്ങളുടെ സ്ഥാപകനാണ്. പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ആഫ്രിക്കൻ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെടുന്നതിൽ ജാക്സൺ വഹിച്ച പങ്ക് ബറാക് ഒബാമ അംഗീകരിച്ചിരുന്നു. ഇതേസമയം ഒബാമയും ജാക്സണും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു.
International
ലോസ് ആഞ്ചലസ്: ഹോളിവുഡിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായി പരിഗണിക്കപ്പെടുന്ന റോബർട്ട് ഡുവാൽ (95) അന്തരിച്ചു.
ഗോഡ്ഫാദർ സിനിമയുടെ ഒന്ന്, രണ്ട് ഭാഗങ്ങളിൽ മാഫിയ കുടുംബത്തിന്റെ അഭിഭാഷകനായ ടോം ഹേഗൻ, അപ്പോകാലിപ്സ് നൗ സിനിമയിലെ സൈനികോദ്യോഗസ്ഥൻ എന്നിവ ഏറ്റവും മികച്ച വേഷങ്ങളാണ്. ഏഴു തവണ ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ട അദ്ദേഹം 1983ലെ ടെണ്ടർ മെഴ്സീസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി.
കലിഫോർണിയയിലെ സാൻഡിയേഗോയിൽ ജനിച്ച ഡുവാൽ അഭിനയം പഠിക്കാനായി ന്യൂയോർക്കിൽ കുടിയേറി. വിഖ്യാത നടൻ ഡസ്റ്റിൻ ഹോഫ്മാൻ, അടുത്തിടെ അന്തരിച്ച ജീൻ ഹാക്മാൻ എന്നിവർ ന്യൂയോർക്കിലെ സഹപാഠികളായിരുന്നു. മൂവരും ആജീവനാന്ത സുഹൃത്തുക്കളുമായിരുന്നു.
National
ന്യൂഡൽഹി: പ്രമുഖ നേപ്പാളി നടൻ സുനിൽ ഥാപ്പ (68) അന്തരിച്ചു. കാഠ്മണ്ഡുവിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഥാപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് നിഗമനം.
ബോളിവുഡ് സിനിമ ‘മേരി കോമി’ൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടി പ്രിയങ്ക ചോപ്രയാണ് മേരി കോമിന്റെ വേഷം അവതരിപ്പിച്ചത്. മേരി കോമിന്റെ കോച്ച് നർജിത് സിംഗിന്റെ റോളിലാണ് സുനിൽ ഥാപ്പ അഭിനയിച്ചത്. ഫിലിംഫെയർ അവാർഡ് നോമിനേഷനിൽ അദ്ദേഹത്തിന്റെ പ്രകടനം ഇടം നേടിയിരുന്നു.
മുന്നൂറിലേറെ നേപ്പാളി സിനിമകളിൽ സുനിൽ ഥാപ്പ അഭിനയിച്ചിട്ടുണ്ട്. ഗൂർഖ പാൽട്ടൺ, ശിക്കാരി, ശിക്കാരി 2, കർമയോദ്ധ, ദേവാർ ബാബു തുടങ്ങിയവയാണ് പ്രമുഖ സിനിമകൾ. എക്ലോ ആണ് അവസാന നേപ്പാളി സിനിമ. നിരവധി ഹിന്ദി, തമിഴ്, ഭോജ്പുരി സിനിമകളിലും ഥാപ്പ അഭിനയിച്ചിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ കമൽ ഹാസൻ-രതി അഗ്നിഹോത്രി സിനിമ ‘എക് ദുജേ കേ ലിയേ’ ആണ് സുനിൽ ഥാപ്പയുടെ ആദ്യ ബോളിവുഡ് സിനിമ.
മാനവ് ഹത്യ, ആജ് കി ആവാസ്, മനു ദ ഗ്രേ, ആൽബെല, നസീബ്വാല തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ഹിന്ദി സിനിമകളാണ്.
Kerala
ആലപ്പുഴ: മാവേലിക്കര മുൻ എംഎൽഎ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്.
മാവേലിക്കര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് കായംകുളത്തും ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 1972 മുതൽ 77 വരെ കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്നു. 1982 മുതൽ ഏഴു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ എഐസിസി അംഗമാണ്. മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവൻ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. ഭാര്യ: രമാദേവി.
National
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണ വെങ്കിടേഷിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
1985-2000 കാലഘട്ടങ്ങളിൽ നിരവധി മലയാളം സിനിമകൾക്കായി ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ വ്യക്തിയാണ് എസ്.പി. വെങ്കിടേഷ്.
1971ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പം ഗിത്താര്‍ വായിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു.
1981ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് എസ്.പി. വെങ്കിടേഷ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും എസ്.പി. വെങ്കിടേഷിനെ പ്രിയങ്കരനാക്കി.
രാജാവിന്റെ മകന്, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്മാര്, വ്യൂഹം, കുട്ടേട്ടന്, അപ്പു(പശ്ചാത്തല സംഗീതം), മഹായാനം(പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മാന്ത്രികം, സ്ഫടികം തുടങ്ങി നിരവധി സിനിമകളിലൂടെ എസ്.പി. വെങ്കിടേഷിന്റെ സംഗീത വൈദഗ്ധ്യം മലയാളി കണ്ടു.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എൻ. സജീവൻ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സിപിഎം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.
പിന്നീട് പത്തോടെ സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലും ശേഷം 11ന് ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ വലിയഴീക്കലിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു സജീവൻ. പ്രഥമ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. സിപിഎം ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗമായും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ, തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ, വലിയഴീക്കൽ - ആറാട്ടുപുഴ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്, പെരുമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: വിമല. മക്കൾ: ഗായത്രി, രാജശേഖരൻ, നന്ദിനി. മരുമക്കൾ: അശ്വിൻ ശശി, ശ്വേത, വിജിത്ത്.
Kerala
കൊച്ചി: മുൻ നക്സലേറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിൽ വച്ചാണ് അന്ത്യം.1968 ലെ തലശേരി പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പ്രതിയായിരുന്നു.
പിതാവിന്റെ വഴിയെയാണ് സ്റ്റീഫൻ സിപിഐയിൽ ചേർന്നത്. പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ തുടർന്നു. ശേഷം നക്സലേറ്റ് പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു. തലശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് പ്രസ്ഥാനത്തിൽ സജീവമായത്.
ഒളിവിൽപോയി കേരളത്തിലുടനീളം വിപ്ലവ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 1971-ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കൊലക്കേസ് ഉൾപ്പെടെ 18 കേസുകളിൽ പ്രതിയായിരുന്നു. ജയിലിൽവച്ച് ചാരുമജുംദാറിന്റെ ഉന്മൂലന മാർഗത്തെ ഉപേക്ഷിച്ചു. തുടർന്ന് സ്റ്റീഫൻ സുവിശേഷ പ്രവർത്തകനായി.
ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിലാണ് ജനനം. പിതാവ്: സക്കറിയ, മാതാവ്: അന്നമ്മ.
National
ന്യൂഡൽഹി: പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ഈശോസഭാ വൈദികന് ഫാ. തോമസ് വി. കുന്നുങ്കൽ (99) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1980 മുതൽ 1987 വരെ സിബിഎസ്ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ 1986ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ നാഷണൽ ഓപ്പണ്‍ സ്കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1989ലാണ് നാഷണൽ ഓപ്പണ്‍ സ്കൂൾ നിലവിൽവരുന്നത്.
അന്നു മുതൽ 1992 വരെ മൂന്ന് വർഷത്തേക്ക് അതിന്റെ ചെയർപേഴ്സണായും ഫാ. തോമസ് സേവനമനുഷ്ഠിച്ചു. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം ലോകത്തിലെതന്നെ ഏറ്റവും വലിയ ഓപ്പണ്‍ സ്കൂൾ സംവിധാനമാണ്. ദേശീയ അധ്യാപക കമ്മീഷൻ, ദേശീയ വിദ്യാഭ്യാസ നയ അവലോകന കമ്മീഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അംഗമെന്ന നിലയിൽ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഇതിനുപുറമെ, ഡൽഹിയിലെ ജെസ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ഇസ്ലാമിക് സ്റ്റഡീസ് അസോസിയേഷൻ എന്ന എൻജിഒയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
‘ദേശീയത പുനരുജ്ജീവനത്തിൽ അധ്യാപകരുടെ പങ്ക്’ (ദ റോൾ ഓഫ് ടീച്ചഴ്സ് ഇൻ നാഷണൽ റീജനറേഷൻ) എന്ന പേരിൽ 2005ൽ അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1926 ജൂലൈ മൂന്നിന് ആലപ്പുഴയിൽ ജനിച്ച ഫാ. തോമസ് 1945ൽ വൈദിക പഠനത്തിനായി ഈശോ സഭയിൽ ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958ൽ വൈദികപട്ടം സ്വീകരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് മൂന്നുമണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ കാന്പസിൽ പൊതുദർശനം ഉണ്ടായിരിക്കും.
District News
മാന്നാർ: കാനഡയിൽ മലയാളി യുവാവ് മരിച്ചു. എണ്ണയ്ക്കാട് തൈരേത്തു പടീറ്റേതിൽ മധുസൂദനൻ പിള്ളയുടെയും ശ്യാമ എം. പിള്ളയുടെയും മകൻ അശ്വിൻ എം. പിള്ള (35) യാണ് കാനഡയിൽ അന്തരിച്ചത്.
നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രണ്ടിന് പള്ളിപ്പാട് നീണ്ടൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ശ്യാമാലയം വീട്ടുവളപ്പിൽ സംസ്കരിക്കും. അദ്വൈത് എം. പിള്ള സഹോദരനാണ്.
National
ന്യൂഡൽഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് ഐ.എസ്. ബിന്ദ്ര (84) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം. 1993 മുതല്‍ 1996 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര, 1975-ലാണ് ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവി വഹിച്ചു.
ജഗ്മോഹന് ഡാല്‍മിയക്കൊപ്പം ബിസിസിഐയെ സമ്പന്ന കായിക സംഘടനയാക്കിയത് ബിന്ദ്രയുടെ ബുദ്ധിയാണ്. 1987, 1996-ലെ ക്രിക്കറ്റ് ലോകകപ്പുകൾ ഇന്ത്യയിൽവെച്ച് നടത്തുന്നതിൽ ജഗ്മോഹൻ ഡാൽമിയ, എൻകെപി സാൽവേ എന്നിവർക്കൊപ്പം ബിന്ദ്ര പ്രധാന പങ്കുവഹിച്ചു.
ശരദ് പവാർ ഐസിസി പ്രസിഡന്റായിരുന്നപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രധാന ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി മൊഹാലിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് 2015-ൽ ഐ.എസ്. ബിന്ദ്ര സ്റ്റേഡിയം എന്ന് പേരു നൽകി.
National
ന്യൂഡൽഹി: രാജ്യം 2005ൽ പത്മഭൂഷണ്‍ നൽകി ആദരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും 22 വർഷം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫുമായിരുന്ന മാർക്ക് ടുള്ളി (90) അന്തരിച്ചു. നീണ്ട കാലം ബിബിസിയുടെ ഇന്ത്യയിൽനിന്നുള്ള ശബ്ദമായിരുന്നു ടുള്ളി.
1935 ഒക്ടോബറിൽ കോൽക്കത്തയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ടുള്ളി ‘നോ ഫുൾ സ്റ്റോപ്പ്സ് ഇൻ ഇന്ത്യ’, ‘ഇന്ത്യ ഇൻ സ്ലോ മോഷൻ’, ‘ദി ഹാർട്ട് ഓഫ് ഇന്ത്യ’ തുടങ്ങി ഇന്ത്യയെ സംബന്ധിക്കുന്ന നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം, ഭോപ്പാൽ വാതകദുരന്തം, ബാബ്റി മസ്ജിദ് തകർക്കൽ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങി ഇന്ത്യൻ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ലോകരാജ്യങ്ങൾക്കു മുന്നിൽ എത്തിച്ച വ്യക്തിയാണദ്ദേഹം. 2001ൽ ലണ്ടൻ സ്വദേശിനി മാർഗരറ്റിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ നാലു മക്കളുണ്ട്. ഇന്ത്യയിൽ വനിതാ സുഹൃത്ത് ജിലിയാൻ റൈറ്റിനൊപ്പമായിരുന്നു കഴിഞ്ഞുവന്നത്.
ബ്രിട്ടീഷ് ഭരണകാലത്തു ജനിച്ച ടുള്ളിയുടെ പിതാവ് ബ്രിട്ടീഷുകാരനും വ്യാപാരിയുമായിരുന്നു. അമ്മ ബംഗാൾ സ്വദേശിനിയായിരുന്നതിനാൽ ചെറുപ്പത്തിലേ ടുള്ളി ഹിന്ദിയിൽ പ്രാവീണ്യം നേടി. ഒന്‍പതാം വയസിൽ ബ്രിട്ടനിലേക്കു പോയ ടുള്ളി കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി 1956ൽ ഇന്ത്യയിൽ തിരിച്ചെത്തി. ബിബിസി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽനിന്ന് പുറത്താക്കിയെങ്കിലും ഒന്നര വർഷത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം ബിബിസിയുടെ ബ്യൂറോ ചീഫ് എന്ന പദവി ഏറ്റെടുത്തു. 1994ൽ അദ്ദേഹം ബിബിസിയിൽനിന്ന് രാജിവച്ചു.
National
ഭുവനേശ്വർ: പ്രശസ്ത ഒഡിയ ഗായകനും സംഗീത സംവിധായകനുമായ അഭിജിത് മുജുംദാർ (54) അന്തരിച്ചു. ഭുവനേശ്വർ എയിംസിൽ ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു മരണം.
കിഡ്നി സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് അഭിജിത്തിനെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. നവംബറിൽ ഐസിയുവിൽനിന്നു മാറ്റിയെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച പനി പിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നിരവധി ഒഡിയ സിനിമകളിൽ പാടുകയും സംഗീത സംവിധാനം നടത്തുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ഹി, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, പ്രതിപക്ഷ നേതാവ് നവീൻ പട്നായിക് തുടങ്ങിയവർ അഭിജിത് മജുംദാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. അഭിജിത്തിന്റെ സംസ്കാരം പിന്നീട് ഘട്ടക്കിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
National
ചെന്നൈ: ഗായിക എസ്. ജാനകിയുടെ ഏകമകൻ മുരളി കൃഷ്ണ (65) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ മൈസൂരുവിലായിരുന്നു അന്ത്യം. ഭരതനാട്യം നർത്തകനാണ്. നർത്തകി ഉമയാണു ഭാര്യ. ദന്പതികൾക്ക് രണ്ടു പെൺമക്കളുണ്ട്.
ഭർത്താവ് വി. രാംപ്രസാദിന്റെ മരണശേഷം സംഗീതപരിപാടികളിലും റെക്കോർഡിംഗുകളിലും എസ്. ജാനകിയുടെ നിഴലായി കൂടെയുണ്ടായിരുന്നത് മുരളി കൃഷ്ണയായിരുന്നു. ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിനിയായ എസ്. ജാനകി ചെന്നൈയിലാണു താമസിക്കുന്നത
District News
പത്തനാപുരം : ചലച്ചിത്ര-സീരിയല്‍-നാടക നടി ഗാന്ധിഭവന് കുടുംബാംഗം ലൗലി ബാബുവി െ ന്റ മാതാവ് കുഞ്ഞമ്മ പോത്തന് (93) അന്തരിച്ചു. ചേര്‍ത്തല എസ്എല്‍പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16 നാണ് ഗാന്ധിഭവനില്‍ അഭയം തേടി എത്തിയത്. 93 വയസിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകള്‍ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം.
അമ്മയുടെ ആഗ്രഹംപോലെ നാട്ടിലുള്ള ഭൂമിയിലാണ് അന്ത്യകര്‍മങ്ങള്‍ നടത്തുക.
International
റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മയ്യിത്ത് നമസ്കാരം റിയാദിലെ കിംഗ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു.
ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിന്റെ അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു.
പ്രിസൺ ജനറൽ ഡയറക്ടറേറ്റ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. വർഷങ്ങളോളം മിനായിലെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജണൽ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു.
Kerala
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ നടക്കും. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് പൊതുദർശനം പൂർത്തിയാക്കി ഭൗതീക ശരീരം ആലുവയിലെ വീട്ടിലെത്തിച്ചത്.
ഇന്ന് രാവിലെ ഒമ്പത് വരെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് പത്തിന് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടക്കും.
ചൊവ്വാഴ്ച കളമശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ കാണാൻ ഒഴുകിയെത്തിയത്. വ്യവസായമന്ത്രി പി.രാജീവും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികൾ അർപ്പിച്ചു.
ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലീം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റിവച്ചു. കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങൾ തുടങ്ങിയവർ ആലുവയിലെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ചൊവ്വാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.
Kerala
കൊച്ചി: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാംഹിം കുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തി. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എയുമാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്.
2005 മുതല്‍ 2006 വരെ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായി പ്രവർത്തിച്ചു. മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ ലീഗ് നാഷണല്‍ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.
National
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് വരെ പൂനയിലെ എരണ്ട്വാനയിലുള്ള കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായും കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു.
ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്കു നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തു സജീവ സാന്നിധ്യമായിരുന്നു.
Kerala
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. ഇന്നലെ രാത്രി 11.41ന് പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ് ഇദ്ദേഹം. പിതാവ്: കുട്ടിശങ്കരൻ, മാതാവ്: സത്യഭാമ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ നടക്കും.
പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന റേച്ചൽ ആണ് അവസാനമായി അഭിനയിച്ച ചിത്രം.
മേജർ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ. ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമാണ നിർവഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൻ പട്ടാമ്പിയുടെ വിയോഗത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.
International
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതികാര്യ മാധ്യമപ്രവർത്തകയുമായ താത്യാന ഷ്ളോസ്ബെർഗ് (35) അന്തരിച്ചു.
രക്താർബുദം കടുത്തുവെന്ന് താത്യാന നവംബറിൽ അറിയിച്ചിരുന്നു. കെന്നഡിയുടെ മകളും നയതന്ത്ര ഉദ്യോഗസ്ഥുമായിരുന്ന കരോളൈന്റെയും ഡിസൈനർ എഡ്വിൻ ഷ്ളോസ്ബെർഗിന്റെയും മകളാണ് താത്യാന.
Movies
തിരക്കേറിയ സിനിമ ജീവിതത്തിനിടയിലും മോഹൻലാൽ തന്റെ ലോകം അമ്മയ്ക്കായി മാറ്റിവച്ചിരുന്നു. മോഹൻലാലിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന വ്യക്തിയാണ് അമ്മ ശാന്തകുമാരി.
മോഹൻലാലിന്റെ ആദ്യകാല വില്ലൻ വേഷങ്ങൾ കണ്ട് അമ്മ വിഷമിക്കാറുണ്ടായിരുന്നു. സിനിമയിലാണെങ്കിൽ പോലും മകന് മർദനമേൽക്കുന്ന രംഗങ്ങൾ കാണുന്നത് വലിയ പ്രയാസമായിരുന്നു എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ശാന്തകുമാരിയും മോഹൻലാലിന്റെ അമ്മാവൻ രാധാകൃഷ്ണനും എത്തിയിരുന്നു. തൃശൂർ കേരളവർമ കോളജിലായിരുന്നു ഷൂട്ട്.
അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും മോഹനൻലാലിന്റെ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്ന് പത്മരാജന്റെ മകൻ അനന്തപത്മാഭൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ ആദ്യം ചെയ്തത് അമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങുകയായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും കൂടെയുണ്ടായിരുന്ന ആ തണൽ മാഞ്ഞു.
ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്.
വിശ്വശാന്തി ഫൗണ്ടേഷന് എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്.
Movies
ഫ്രഞ്ച് സിനിമ താരം ബ്രിജിത്ത് ബാർഡോ (91) അന്തരിച്ചു. ബിബി എന്നറിയിപ്പെട്ടിരുന്ന ബ്രിജിത്ത്, കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ ലോകത്തെ ഇളക്കിമറിച്ച സിനിമാ താരമാണ്.
പാരീസിൽ ജനിച്ച് 15-ാം വയസിൽ മോഡലിംഗിലും പിന്നീട് സിനിമയിലും എത്തിച്ചേരുകയായിരുന്നു. 1956ലെ ‘ആൻഡ് ഗോഡ് ക്രിയേറ്റഡ് വുമൺ’ ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തയായി.
ഗൗരവമേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ആദ്യകാല നടിമാരിൽനിന്നു വ്യത്യസ്തമായി, കൂസലില്ലാത്ത അഭിനയരീതിയായിരുന്നു ബ്രിജിത്തിന്റെ സവിശേഷത. അന്‍പതുകളിലും അറുപതുകളിലും ഫ്രാൻസിന്റെ മുഖമുദ്രയായി ബ്രിജിത്ത് മാറി.
അതിപ്രശസ്തിയുടെ തടവുകാരിയെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിച്ചിരുന്ന ബ്രിജിത്ത് 39-ാം വയസിൽ അപ്രതീക്ഷിതമായി സിനിമാജീവിതം അവസാനിപ്പിച്ചു. തുടർന്നുള്ള കാലം മൃഗസംരക്ഷണ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
International
പാരീസ്: പഴയകാല ഫ്രഞ്ച് നടി ബ്രിജിറ്റ് ബാർഡോ (91) അന്തരിച്ചു. ബിബി എന്നറിയിപ്പെട്ടിരുന്ന ബിജിറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ ലോകത്തെ ഇളക്കിമറിച്ച സിനിമാ താരമാണ്. പാരീസിൽ ജനിച്ച് 15-ാം വയസിൽ മോഡലിംഗിലും പിന്നീട് സിനിമയിലും എത്തിച്ചേരുകയായിരുന്നു. 1956ലെ ‘ആൻഡ് ഗോഡ് ക്രിയേറ്റഡ് വുമൺ’ ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തയായി.
ഗൗരവമേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ആദ്യകാല നടിമാരിൽനിന്നു വ്യത്യസ്തമായി, കൂസലില്ലാത്ത അഭിനയരീതിയായിരുന്നു ബ്രിജിത്തിന്റെ സവിശേഷത. അന്‍പതുകളിലും അറുപതുകളിലും ഫ്രാൻസിന്റെ മുഖമുദ്രയായി ബ്രിജിത്ത് മാറി.
അതിപ്രശസ്തിയുടെ തടവുകാരിയെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിച്ചിരുന്ന ബ്രിജിത്ത് 39-ാം വയസിൽ അപ്രതീക്ഷിതമായി സിനിമാജീവിതം അവസാനിപ്പിച്ചു. തുടർന്നുള്ള കാലം മൃഗസംരക്ഷണ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തീവ്രവതലുപക്ഷ നിലപാടുകൾക്കു കുപ്രസിദ്ധയുമായി.
Movies
ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജിജോ പുന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി.
നോക്കാത്ത ദൂരത്ത് കണ്ണും നട്ട്, ചാണക്യന്, ഒന്നുമുതല്‍ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.
Kerala
കൊച്ചി: മുതിർന്ന സിപിഎം നേതാവ് കെ.എം. സുധാകരൻ(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ട്രേഡ് യൂണിയൻ നേതാവും ദീർഘകാലം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു. സംസ്കാരം വൈകിട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.
1935ൽ ജനിച്ച കെ.എം. സുധാകരന് ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി. 1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ സുധാകരൻ നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി.
1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ.എം. സുധാകരൻ പ്രവർത്തിച്ചു. കെഎസ്കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍ തടവിൽ കഴിഞ്ഞിട്ടുണ്ട്.
National
അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അദ്ദേഹത്തിന്റെ ഭൗതിക ദേഹം ശനിയാഴ്ച ത്രിപുരയിലെത്തിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. മുതിർന്ന ബിജെപി നേതാവായ ബിശ്വബന്ധു സെൻ ധർമനഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്.
സ്പീക്കറുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദു8ഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തിനും പാർട്ടിക്കും കനത്ത നഷ്ടമാണ് സ്പീക്കറുടെ മരണത്തോടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ പറഞ്ഞു.
Kerala
ആലപ്പുഴ: പ്രശസ്ത വചന പ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടറുമായ ഫാ. പ്രശാന്ത് ഐഎംഎസ് (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 23ന് വൈകുന്നേരം മൂന്നിന് ഐഎംഎസ് ധ്യാനഭവനിൽ നടക്കും.
ധ്യാനഭവനൊപ്പം പുന്നപ്രയില്‍ 1988, 1999 കളില്‍ സ്ഥാപിച്ച മരിയധാം, മരിയഭവന്, മരിയാലയം പള്ളിത്തോട്ടിലെ മരിയ സദന് എന്നീ നാല് അനാഥാലയങ്ങളും മാനസിക പരിമിതിയുള്ളവര്‍ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. 400 ഓളം മാനസിക പരിമിതിയുള്ളവരെ ഇവിടെ സംരക്ഷിക്കുന്നു.
പള്ളിത്തോട് അറുകുലശേരി വീട്ടില്‍ ഉമ്മച്ചന്റെയും എര്ണമ്മയുടെയും മകനായി 1955 ഏപ്രില്‍ 11 ജനിച്ച ഫാ. പ്രശാന്ത്, 1981 ഡിസംബര്‍ 28ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. മൈക്കിള്‍ ആറാട്ടുകുളത്തില്‍ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. 1967-ല്‍ യുപി സ്കൂള്‍ പഠനത്തിനു ശേഷം ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലെ വൈദീക വിദ്യാര്‍ഥിയായി.
1966-ല്‍ ആലപ്പുഴയിലെ പറവൂരില്‍ ഭാരതറാണി പ്രേഷിത്ഭവന് എന്ന പേരിലാണ് ഇന്നത്തെ ഐഎംഎസ് ധ്യാനഭവന്‍ തുടങ്ങുന്നത്. ഇവിടത്തെ അപ്പോസ്തോലിക് സ്കൂളിലെ രണ്ടാം ബാച്ചുകാരനായി വൈദിക പഠനത്തിലേക്കു പ്രവേശിച്ചു.
ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ക്രൈസ്റ്റ് നഗറിലെ മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പഠനത്തിന്റെ തുടക്കം. ഇവിടെ പോസ്റ്റുലന്‍സി പൂര്‍ത്തിയാക്കിയ ശേഷം നൊവിഷ്യേറ്റും, അലഹബാദില്‍ ഫിലോസഫി പഠനവും പൂര്‍ത്തിയാക്കി. 1974 ല്‍ അലഹബാദ് റീജണല്‍ സെമിനാരിയിലായിരുന്നു വ്രതവാഗ്ദാനം.
1975 മുതല്‍ 76 വരെ വാരാണസിയിലെ ക്രൈസ്റ്റ് നഗറില്‍ ഫിലോസഫിയും 1977 മുതല്‍ ഹരിയാനയിലെ കര്ണ്ണാക്കിലും മണിപ്പൂരിലെ താന്ലോണിലും റിജന്സിയും പൂര്‍ത്തിയാക്കി. 1978 മുതല്‍ ബിഹാര്‍ റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ദൈവശാസ്ത്രം പഠിച്ചു. 1982 ല്‍ മണിപ്പൂരിലെ പള്ളിയിലായിരുന്നു ആദ്യ നിയമനം.
1982 മുതല്‍ 89 വരെ ആദിവാസികളുടെ ഇടയിലെ പ്രേഷിത പ്രവര്‍ത്തനത്തിനു ശേഷമാണ് ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്റെ സുപ്പീരിയറായി സ്ഥാനമേല്‍ക്കുന്നത്. പിന്നീട് ഡയറക്ടറുമായി. പ്ലാസിഡ് എന്ന പേരാണ് വ്രതവാഗ്ദാന സമയത്ത് ഫാ. പ്രശാന്ത് സ്വീകരിച്ചത്. ഇതിന്റെ മലയാള അര്‍ഥമായ "പ്രശാന്തം' എന്നതില്‍ നിന്നാണ് ഫാ. പ്രശാന്ത് എന്ന മലയാളം പേര് സ്വീകരിച്ചത്.
Kerala
ആലപ്പുഴ: ശ്രീനിവാസനെ അനുശോചിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
"നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥിപൂർണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല.'-സജി ചെറിയാൻ കുറിച്ചു.
"മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. 'നാടോടിക്കാറ്റ്', 'വരവേൽപ്പ്', 'മിഥുനം', 'പട്ടണപ്രവേശം' തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകൻ എന്ന നിലയിൽ 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയർത്താനും അദ്ദേഹത്തിന് സാധിച്ചു.'-മന്ത്രി കുറിച്ചു.
"ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.
ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു ശ്രീനിവാസൻ.'-സജി ചെറിയാൻ അനുസ്മരിച്ചു.
"ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയിൽ ആദരവോടെ ഞാനും പങ്കുചേരുന്നു.'-സജി ചെറിയാൻ കുറിച്ചു.
Kerala
തിരുവനന്തപുരം: പത്മശ്രീ പുരസ്കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ എന്ന ഡോ. പി. പുഷ്പാംഗദൻ (81) അന്തരിച്ചു. വംശീയ സസ്യശാസ്ത്രത്തിൽ (എത്നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ പുഷ്പാംഗദൻ രാജ്യത്തെ പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.
ലോകത്തിൽ ആദ്യമായി ഇക്വിറ്റബിൾ ബെനിഫിറ്റ് ഷെയറിംഗ് മോഡൽ വികസിപ്പിച്ചെടുത്തതിന് ഐക്യരാഷ്ട്രസഭയുടെ ഇക്വേറ്റർ ഇനിഷ്യേറ്റീവ് അവാർഡ് ലഭിച്ചിട്ടുണ്ട്. ലക്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NBRI) ഡയറക്ടറായിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്റ്ററുടെ പ്രത്യേക ചുമതലയും വഹിച്ചിട്ടുണ്ട്.
വിവിധ ദേശീയ-അന്തർദേശീയ ജേർണലുകളിലായി 317 ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം വികസിപ്പിച്ചെടുത്ത, പേറ്റന്റ് ലഭിച്ച 15 ഉത്പന്നങ്ങൾ ഇതിനോടകം വാണിജ്യടിസ്ഥാനത്തിൽ വിപണിയിലെത്തിയിട്ടുണ്ട്.
ശാസ്ത്രത്തിനും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
National
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി ശില്പിയായ രാം സുതാര്‍ (100) അന്തരിച്ചു. ബുധനാഴ്ച അര്‍ധരാത്രി നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായിരുന്നു. രാം സുതാറിന്റെ മകന് അനില്‍ സുതാര്‍ സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.
1925 ഫെബ്രുവരി 19ന് മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ ഗൊണ്ടൂര്‍ ഗ്രാമത്തിലാണ് റാം സുതാറിന്റെ ജനനം. ചെറുപ്പം മുതലേ ശില്പകലയോട് ഏറെ താത്പര്യമുണ്ടായിരുന്നു. മുംബൈയിലെ ജെജെ സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ സ്വര്‍ണ മെഡലോടെ ബിരുദം നേടി. ഏഴ് പതിറ്റാണ്ടു നീണ്ട കലാജീവിതത്തില്‍ ശ്രദ്ധേയമായ സൃഷ്ടികള്‍ ലോകത്തിന് മുന്നില്‍ കാഴ്ചവച്ചു.
മഹാത്മാഗാന്ധി ധ്യാനനിരതനായി ഇരിക്കുന്നതും പാര്‍ലമെന്റ് വളപ്പിലെ ഛത്രപതി ശിവജി കുതിരപ്പുറത്ത് സവാരി ചെയ്യുന്നതുമായ പ്രതിമകള്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടികളാണ്. 1999ല്‍ പത്മശ്രീയും 2016ല്‍ പത്മഭൂഷണും നല്കി രാജ്യം സുതറിനെ ആദരിച്ചു.
National
റേവ: രാം ജന്മഭൂമി പ്രസ്ഥാനത്തിന്റെ നേതാവും മുൻ ബിജെപി എംപിയുമായ രാം വിലാസ് വേദാന്തി (67) അന്തരിച്ചു.
മധ്യപ്രദേശിലെ രേവയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ശ്രീരാം ജന്മഭൂമി ട്രസ്റ്റ് എക്സിക്യൂട്ടീവ് പ്രസിഡന്റായിരുന്ന വേദാന്തി യുപിയിലെ പ്രതാപ്ഗഡ്, മഛലിഷഹർ എന്നീ ലോക്സഭാ മണ്ഡലങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു.
National
ബംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഷാമനൂരു ശിവശങ്കരപ്പ (95) അന്തരിച്ചു. വാർധക്യസഹജ രോഗങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ദാവൻഗെരെ സൗത്ത് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. കർണാടക മന്ത്രി എസ്.എസ്. മല്ലികാർജുൻ ഉൾപ്പെടെ മൂന്നു മക്കളുണ്ട്. മരുമകൾ പ്രഭ മല്ലികാർജുൻ ദാവൻഗെരെയിൽനിന്നുള്ള ലോക്സഭാംഗമാണ്.
കർണാടക കോൺഗ്രസ് ട്രഷററായി നിരവധി വർഷം പ്രവർത്തിച്ചയാളാണ് ശിവശങ്കരപ്പ. ഓൾ ഇന്ത്യ വീരശൈവ മഹാസഭ പ്രസിഡന്റായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇദ്ദേഹം സ്ഥാപിച്ചു.
International
ലോസ് ആഞ്ചലസ്: കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വാസ്തുശില്പികളിൽ ഒരാളായ ഫ്രാങ്ക് ഗേരി (96) അന്തരിച്ചു.
അസാധാരണ രൂപത്തിലുള്ള നിർമിതികളാണ് ഗേരിയെ ലോകപ്രശസ്തനാക്കിയത്. സ്പെയിനിലെ ബിൽബാവോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗൂഗെൻഹൈം മോഡേൺ ആർട്ട് മ്യൂസിയം അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത നിർമിതികളിലൊന്നാണ്.
1929ൽ കാനഡയിലെ ടൊറോന്റോയിൽ ജനിച്ച ഗേരി വാസ്തുവിദ്യാകല പഠിക്കാനായി കൗമാരത്തിൽ അമേരിക്കയിലേക്കു കുടിയേറി. യൂണിവേഴ്സിറ്റി ഓഫ് സതേൻ കലിഫോർണിയ, ഹാർവഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഡിസൈൻ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പഠനശേഷം സ്വന്തം സ്ഥാപനം തുറന്ന ഗേരി പരന്പരാഗത നിർമാണ സങ്കല്പങ്ങളും സങ്കേതങ്ങളും നിരസിച്ചു. പൊരുത്തമോ അനുപാതമോ ഇല്ലാത്ത ജാമിതീയ രൂപങ്ങളും വടിവില്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ഗേരിയുടെ നിർമാണ രീതി ‘ഡീകൺസ്ട്രക്ടിവിസം’ എന്നറിയപ്പെട്ടു.
ടൈറ്റാനിയം ഷീറ്റ്, ഗ്ലാസ്, ചുണ്ണാന്പുകല്ല് എന്നിവ ഉപയോഗിച്ചാണ് ബിൽബോവോയിലെ ഗൂഗെൻഹൈം മ്യൂസിയം നിർമിച്ചത്. അനുപമമായ കലാസൗന്ദര്യം പേറുന്ന മ്യൂസിയത്തിന്റെ നിർമിതി ബിൽബാവോ നഗരത്തിലേക്ക് വിനോദസഞ്ചാരികളെ ഒഴുക്കി. മറ്റു നഗരങ്ങളും ഇതനുകരിക്കാൻ തുടങ്ങിയതോടെ സാന്പത്തികമേഖലയുടെ പുനരുദ്ധാരണത്തിന് കലയെ ഉപയോഗിക്കുന്ന ‘ബിൽബാവോ ഇഫക്ട്’ എന്ന പ്രതിഭാസത്തിനും തുടക്കമായി.
ലോസ് ആഞ്ചലസിലെ വാൾട്ട് ഡിസ്നി കൺസേർട്ട് ഹാൾ, പാരീസിലെ ഫൗണ്ടേഷൻ ലൂയി വിറ്റൻ, പ്രേഗിലെ ഡാൻസിംഗ് ഹൗസ്, സിയാറ്റിലിലെ മ്യൂസിയം ഓഫ് പോപ് കൾച്ചർ, സാന്താ മോണിക്കയിലെ ഗേരി റസിഡൻസ് എന്ന സ്വന്തം വസതി തുടങ്ങിയവ ഗേരിയുടെ പ്രശസ്ത നിർമിതികളാണ്.
District News
പൂവ്വത്തൂർ: അടുത്തൊരു തെരഞ്ഞെടുപ്പിനു കാത്തുനിൽക്കാതെ തിരുനെല്ലൂർ ഗ്രാമത്തിലെ മുത്തശി യാത്രയായി.
തൃശൂർ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായിരുന്ന പോവിൽ തിരുവാമഠത്തിൽ പരേതനായ കുട്ടാപ്പുവിന്റെ ഭാര്യ ലക്ഷ്മിയാണ് അന്തരിച്ചത്. 108 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഒരുമാസമായി കിടപ്പിലായിരുന്നു.
കഴിഞ്ഞ സമ്മതിദായകദിനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇവരെ വീട്ടിലെത്തി ആദരിച്ചിരുന്നു. സംസ്കാരം ഇന്നുരാവിലെ പത്തിന് എലവത്തൂരിലെ വാതകശ്മശാനത്തിൽ നടക്കും. പരേതനായ കരുണാകരൻ, സുഭാഷ്, വിജയാകരൻ എന്നിവരാണ് മക്കൾ. മരുമക്കൾ: സുമതി, വിജയ, അനില.
National
കാൺപുർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാൾ (81) അന്തരിച്ചു. ശ്രീപ്രകാശിന്റെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ അനുശോചിച്ചു.
1989ൽ കാൺപുർ മേയറായാണ് ജയ്സ്വാൾ പൊതുരംഗത്ത് സജീവമായത്. 2004-2014 കാലയളവിൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു. 1999, 2004, 2009 കാലയളവിൽ കാൺപുരിൽനിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻമാറി.
NRI
കോന്നി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും ബ്രോക്സ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് എം. ഡാനിയേലിന്റെ മാതാവുമായ സാറാമ്മ വർഗീസ് (79) അന്തരിച്ചു.
ഭർത്താവ്: മരൂർപ്പാലം മേലേ ചിറ്റേടത്ത് ബ്ലസ് കോട്ടേജിൽ പരേതനായ ഡി. വർഗീസ്. മക്കൾ: ഫാ. ഡോ. വർഗീസ് എം. ഡാനിയൽ, എം.ടി. സജി, എം.സി. റെജി (ഓസ്ട്രേലിയ). മരുമക്കൾ: സുരഭി സജി, ഡോ. സ്മിത വർഗീസ്, റെക്സി റെജി (ഓസ്ട്രേലിയ).
സംസ്കാരശുശ്രൂഷകൾ കോന്നിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിലും നവംബർ 27ന് നടക്കും.
Movies
തമിഴ് നടൻ അഭിനയ് കിംഗർ (44) അന്തരിച്ചു. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ്. കരൾ രോഗ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം ഇന്നു രാവിലെ ചെന്നൈയിലാണ് അന്തരിച്ചത്.
‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്.
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്തിൽ കിഷോർ എന്ന കഥാപാത്രമായി അഭിനയ് മലയാള സിനിമയിലും എത്തിയിരുന്നു. പ്രശസ്തമായ നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ഉത്തരായനം അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളി നടി രാധാമണിയുടെ മകനാണ്.
അസുഖത്തെ തുടർന്ന് അവസാന കാലത്ത് ചികിത്സയ്ക്ക് പോലും പണമില്ലാതിരുന്ന താരത്തിന് സഹായവുമായി ധനുഷ് ഉൾപ്പെടെയുള്ള നിരവധി പേർ രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ (98) അന്തരിച്ചു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്.
മറ്റു മക്കൾ സരോജഗോമസ്, എ.ജെ. വിജയൻ, പ്രസന്ന പീറ്റർ, എ.ജെ. സെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, ഐ.എ. പീറ്റർ , ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പൂന്തുറ സെന്റ്. തോമസ് ദേവാലയത്തിൽ.
Kerala
തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തിൽ.
പത്തനംതിട്ട സ്വദേശിയായ മഹാദേവൻപിള്ള ഏറെക്കാലമായി തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. 2018 ഒക്ടോബർ 25 മുതൽ 2022 ഒക്ടോബർ 24 വരെ കേരള സർവകലാശാല വൈസ് ചാൻസലറായിരുന്നു. കേരള സർവകലാശാലയിലെ ഓപ്ടോ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് മഹാദേവൻപിള്ളയെ കേരള സർവകലാശാല വൈസ് ചാൻസലറായി ഗവർണർ പി. സദാശിവം നിയമിച്ചത്. കേരള സർവകലാശാലയുടെ സെനറ്റ്, അക്കാദമിക് കൗണ്‍സിൽ എന്നിവയിലും അംഗമായിരുന്നു.
കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (ഒപ്ടോ ഇലക്ട്രോണിക്സ്) ചെയർമാനായിരുന്നു. മഹാദേവൻപിള്ളയുടെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞു സർവകലാശാല സെനറ്റ് ഹാളിൽ പൊതുദർശനത്തിനു വച്ചു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ആര്. രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.
1991 ൽ കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രി ആയിരുന്നു. 1980ല്‍ കോവളത്തുനിന്നും 1991ല്‍ പാറശാലയില്‍നിന്നും നിയമസഭയില്‍ എത്തി.
കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ സി.എം. ഓമന. മക്കള്‍: ആര്. പ്രപഞ്ച് ഐഎഎസ്, ആര്. വിവേക്.
Kerala
കണ്ണൂർ: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരി മാടപ്പീടിക ആമിനാസിൽ എ.എൻ. ആമിന (42) നിര്യാതയായി. പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്.
ഭർത്താവ്: എ.കെ. നിഷാദ് (മസ്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Kerala
കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. സംസ്കാരം വീട്ടു വളപ്പിൽ. സഹോദരങ്ങൾ: വി.എസ്. അച്യുതാനന്ദൻ, ഗാംഗാധരൻ, പുരുഷോത്തമൻ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.
Movies
പ്രശസ്ത ഗായകനും ആസാം സ്വദേശിയുമായ സുബീൻ ഗാർഗിന് (52) സിംഗപ്പൂരിൽ ദാരുണാന്ത്യം. സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തിലാണ് ഗായകന് അന്ത്യം സംഭവിച്ചത്. ഉടൻ തന്നെ സിപിആർ നൽകി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്നു ദിവസം നീളുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനാണു ഗാർഗ് സിംഗപ്പൂരിൽ എത്തിയത്. മൂന്നു പതിറ്റാണ്ടുകാലം നീണ്ട സംഗീതജീവിതത്തിൽ നാൽപ്പതിലേറെ ഭാഷകളിൽ സുബീൻ ഗാനാലാപനം നടത്തിയിട്ടുണ്ട്.
ഗാംഗ്സ്റ്ററിലെ "യാ അലി’എന്ന ഗാനമാണ് സുബീനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഈ ഗാനത്തിന് 2006ൽ മികച്ച പിന്നണി ഗായകനുള്ള ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ്സ് (ജിഐഎഫ്എ) ലഭിച്ചു. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നുപറയാൻ സുബീൻ ഒരിക്കലും മടികാണിച്ചിട്ടില്ല.
പൗരത്വനിയമ ഭേദഗതിക്കെതിരേ (സിഎഎ) നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഇദ്ദേഹം ഉണ്ടായിരുന്നു. 1972 നവംബർ 18ന് മേഘാലയയിലാണു സുബീൻ ജനിച്ചത്. 1992ൽ ആസാമീസ് ആൽബം "അനാമിക’യിലൂടെ അരങ്ങേറ്റം കുറിച്ചു.
സംഗീത സംവിധായൻ, നടൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 38 ആസാമീസ് സിനിമകൾക്കും നാലു ബംഗാളി സിനിമകൾക്കും മൂന്നു ഹിന്ദി സിനിമകൾക്കും സംഗീതസംവിധാനം നിർവഹിച്ചു.
National
ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കർ (46) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ രാത്രി 8.30ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് റോബോ ശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശങ്കര്‍ ശ്രദ്ധ നേടിയത്. മാരി, വീരം, വിശ്വാസം, പുലി, കോബ്ര തുടങ്ങിയ സിനമികളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Kerala
പത്തനംതിട്ട: പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി കൈപ്പുഴ പുത്തന്‍ കോയിക്കല്‍ രോഹിണി നാള് അംബാലിക തമ്പുരാട്ടി(94) അന്തരിച്ചു. ചൊവ്വാഴ്ച്ച രാത്രി 11ന് വീട്ടിൽവച്ചായിരുന്നു അന്ത്യം.
പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ട്രഷറര്‍ ദീപാവര്‍മ്മ മകളാണ്. വേണുഗോപാല്‍ (മാവേലിക്കര കൊട്ടാരം ) മരുമകനാണ്. പരേതരായ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ പുണര്‍തം നാള് കെ രവി വര്‍മ്മ, പരേതയായ വലിയ തമ്പുരാട്ടി തിരുവാതിര നാള് ലക്ഷ്മി തമ്പുരാട്ടി, കെ. രാജരാജവര്‍മ്മ (ഓമല്ലൂര്‍ അമ്മാവന്), കെ .രാമവര്‍മ്മ ( ജനയുഗം ), എന്നിവര്‍ സഹോദരങ്ങളാണ്.
സംസ്കാരം ഉച്ചക്ക് ശേഷം മൂന്നിന് പന്തളം കൊട്ടാരം വക കൈപ്പുഴയിലുള്ള ശ്മശാനത്തില്‍ നടക്കും.